പഥികന്റെ കാൽപാട്



Thursday, November 13, 2014

ഗാമയുടെ നാട്ടിൽ - രണ്ടാം ഭാഗം

അൽഗാർവെയിൽ നിന്ന് ലിസ്ബണിലേക്കു തിരിച്ചപ്പോൾ സമയം ഒൻപതു കഴിഞ്ഞു. വഴിയിൽ തിരക്ക് ലവലേശമില്ല. ഉന്നത നിലവാരമുള്ളവയാണ് റോഡുകൾ. 130 കിമി വേഗതാനിയന്ത്രണമുണ്ട്. ഇരുവശത്തും വരണ്ടുണങ്ങിയ പ്രകൃതി. വെള്ളമുള്ള അപൂർവ്വം സ്ഥലങ്ങളിൽ പച്ചപ്പും  കൃഷിയും കാണാം.

ലിസ്ബണിലേക്ക്

റോഡ് ടോൾ കണക്കാക്കാനായി ഒരു ട്രാൻസ്പോണ്ടർ കാറിൽ പിടിപ്പിച്ചു വച്ചിട്ടുണ്ട്. ഒരോ പ്രധാനറോഡിലേക്ക് കയറുമ്പോഴും ഈ ട്രാൻസ്പോണ്ടർ കീകീ അടിക്കുന്നുണ്ടായിരുന്നു. ഇതനുസരിച്ചാണത്രേ ടോൾ കണക്കാക്കുന്നത് (യാത്ര കഴിഞ്ഞെത്തിയപ്പോൽ 45€ റോഡ് ടോൾ ചാർജ് ചെയ്തെന്ന സന്ദേശം മൊബൈലിലെത്തി. മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണ്).
ഇലക്ട്രോണിക് ടോൾ റോഡ് സൈൻ
 


വൻ നഗരത്തിന്റെ ലക്ഷണം കണ്ടു തുടങ്ങും ലിസ്ബണടുക്കുമ്പോൾ. കൂറ്റൻ പാലങ്ങളും ഫ്ലൈ ഓവറുകളും പെട്ടെന്ന് പെരുകി വന്ന വാഹനത്തിരക്കുമെല്ലാം ചേർന്ന് പോർച്ചുഗലിൽ അതുവരെ അനുഭവപ്പെടാത്ത നാഗരികസംസ്കാരത്തിന്റെ ലക്ഷണങ്ങൾ. റിയോ ഡി ജനൈറോ യിലെ ക്രിസ്തുദേവന്റെ ഒരു അനുകരണവും (ഇവിടെ) വഴിയിൽ കണ്ടു. പോർച്ചുഗലിന്റെ ജീവനാഡിയായ ടാഗസ് നദി (റിയോ ടെയോ എന്നു പോർച്ചുഗീസിൽ ) കടന്ന് നഗരത്തിലേക്ക് കടന്നു. യൂറോപ്പിലെ ഏറ്റവും വലിയ കടല്പാലമായ വാസ്കോഡഗാമ ബ്രിഡ്ജ് അല്പം അകലെയായി കാണാം.


രക്ഷകനായ യേശു (1959 ഇൽ തീർത്ത സ്തൂപം)
ആദ്യലക്ഷ്യം  ബെലേം ഗോപുരമാണ്. ടാഗസ് നദി അറ്റ്ലാന്റികിലേക്ക് പ്രവേശിക്കുന്ന അഴിമുഖത്താണ് ബെലേം ഗോപുരം. ശത്രുക്കൾ ടാഗസ് നദി വഴി കടന്നെത്തി രാജ്യം ആക്രമിക്കുന്നത് പ്രതിരോധിക്കാനാണ് 15ആം നൂറ്റാണ്ടിൽ ഈ കോട്ട പണിഞ്ഞത്. 


ബെലേം ഗോപുരം
കടലിലേക്ക് തിരിച്ചു വച്ചിരിക്കുന്ന പീരങ്കികളും യുദ്ധത്തടവുകാർക്കുൾല ജയിലും ഗോപുരത്തിനുള്ളിലായി കാണാം.. വലിപ്പത്തിലോ വാസ്തുവിദ്യയിലോ അൽഭുതകരം എന്നു വിശേഷിപ്പിക്കാവുന്ന ഒന്നും ബെലേം ഗോപുരത്തിനില്ല. എന്നാലും ചരിത്രപ്രാധാന്യത്താൽ ഈ ഗോപുരം UNESCO World Heritage List ഇൽ സ്ഥാനം പിടിച്ചിട്ടുണ്ട്.


കടലിലേക്ക് കണ്ണും നട്ട്

ബെലേം ഗോപുരത്തിന്റെ ഒരു ഭാഗത്ത് കടലിനഭിമുഖമായി ഒരു കാണ്ടാമൃഗത്തിന്റെ മുഖം കൊത്തി വച്ചിട്ടുണ്ട്. 1512ഇൽ ഇന്ത്യയിലെ പോർച്ചുഗീസ് കച്ചവടക്കാർ പോർച്ചുഗീസ് രാജാവിനു സമ്മാനിച്ചതാണ് ഗാണ്ഡ എന്നു പേരുള്ള ഈ കാണ്ടാമൃഗത്തെ. രണ്ടരമാസത്തെ കടൽ യാത്രയ്ക്കു ശേഷം ഈ ഒറ്റക്കൊമ്പൻ ബെലേമിലാണത്രേ കപ്പലിറങ്ങിയത്. ജീവിതത്തിലാദ്യമായി കാണുന്ന വിചിത്രമൃഗത്തെ അൽഭുതാദരങ്ങളോടെയാണ് പോർച്ചുഗീസുകാർ വരവേറ്റത്. കണ്ണുകുളിർക്കെ കണ്ട ശേഷം പോർച്ചുഗീസ് രാജാവ് പോപ്പിനു കാഴ്ചവയ്ക്കാനായി ഗാൻഡയെ റോമിലേക്കയച്ചെന്നും യാത്രാമദ്ധ്യേ കടത്ക്ഷോഭത്തിൽ കപ്പൽ മുങ്ങിയെന്നുമാണ് കഥ. കപ്പലിന്റെ ഡെക്കിൽ ചങ്ങലകൊണ്ട് കെട്ടിയിട്ടിരുന്ന ഒറ്റക്കൊമ്പൻ രക്ഷപ്പെടാനാകാതെ കപ്പലിനൊപ്പം മുങ്ങിത്താണു.


ഏതായാലും ഗാണ്ഡയോടുള്ള ആദരസൂചകമായി അന്ന് പണിതു കൊണ്ടിരുന്ന ബെലേം ഗോപുരത്തിൽ ഒറ്റക്കൊമ്പന്റെ ഒരു ശില്പം വയ്ക്കാൻ തീരുമാനമായി. ശില്പമുണ്ടാക്കാനായി ഗാൻഡയുടെ പടം വരച്ച് ജർമ്മൻ ശില്പിയായ അൽബ്രെഹ്റ്റ് ഡുറെറിനയച്ചു കൊടുത്തത്രേ.അങ്ങനെ ഒരു തവണപോലും കാണ്ടാമൃഗത്തെ കണ്ടിട്ടില്ലാത്ത അൽബ്രെഹ്റ്റ് ഡുറെർ നിർമ്മിച്ച ശില്പമാണ് ഇന്ന് ബെലെം ഗോപുരത്തിലുള്ളത്.


ഗാണ്ഡ ചിത്രകാരന്റെ ഭാവനയിൽ.
കടലിനഭിമുഖമായി നിൽക്കുന്ന ഗാൻഡയെക്കാണാൻ ഗോപുരത്തിൽ നിന്നും പറ്റില്ല. ഗാണ്ഡ നിൽക്കുന്ന സ്ഥാനത്ത് ഒരു ചിത്രവും അടിക്കുറിപ്പും കൊടുത്തിട്ടുണ്ട്.

ഗാണ്ഡ കടലിൽ നിന്നുള്ള വീക്ഷണം (ചിത്രം വിക്കിയിൽ നിന്ന് ചൂണ്ടിയത്)

ബെലേം ഗോപുരത്തിൽ നിന്നിറങ്ങി ടാഗസ് നദീതീരത്തു കൂടി നടന്നാൽ ഡിസ്കവറി ടവറിലെത്തും. കടലുകൾ കടന്ന് പോർച്ചുഗലിനു ലോകഭൂപടത്തിൽ ഗണ്യമായ ഒരിടം നേടിക്കൊടുത്ത നാവികരുടെ സ്മരണയ്ക്കായി 1958 ലാണ് ഡിസ്കവറി ടവർ പണികഴിപ്പിച്ചത്.


ഡിസ്കവറി ടവർ - ബെലേം ഗോപുരത്തിൽ നിന്നുള്ള കാഴ്ച
ഡിസ്കവറി ടവറിനു മുന്നിലായി നിരവധി പേർ ടാഗസ് നദിയിലേക്ക് ചൂണ്ടവീശിയിരിക്കുന്നു. അതിൽ ഒരു വിദ്വാൻ മീൻ പിടിച്ചിട്ട് തിരികെ നദിയിലേക്കെറിയുന്നതു കണ്ടു. ഒരു വിനോദമെന്നാണ് ആദ്യം കരുതിയത്. തരം കിട്ടിയപ്പോൾ അടുത്തു പോയി ചോദിച്ചു..കിട്ടിയത് തീരെ ചെറുതായതു കൊണ്ടാണത്രേ കടലിലേക്കെറിയുന്നത്.


വലയെറിഞ്ഞ്
ഡിസ്കവറി ടവറിനു മുന്നിലുള്ള റോഡുമുറിച്ചുകടന്നാൽ സെന്റ് ജെറോണിമസ് മൊണാസ്റ്റ്രിയിലെത്താം. ഇന്ത്യയിലേക്ക് പുറപ്പെടുന്നതിനു തലേന്ന് ഒരു രാത്രി മുഴുവൻ വാസ്കൊ ഡ ഗാമയും അനുയായികളും ഇവിടെയിരുന്ന് പ്രാർത്ഥിച്ചെന്നാണു കഥ. മോണാസ്റ്റ്രിയോട് ചേർന്നുള്ള സാന്താ മരിയാ കത്തീഡ്രലിലാണ് ഗാമ അന്ത്യ വിശ്രമം കൊള്ളുന്നത്.


സെന്റ് ജെറോണിമസ് മൊണാസ്റ്റ്രി
പള്ളിക്കകത്ത് കുറേ ചുറ്റി നടന്നിട്ടും ഗാമയെ കാണാൻ കഴിഞ്ഞില്ല. കുട്ടികളെയും കൊണ്ട് സ്റ്റഡി ടൂറിനെത്തിയ സുന്ദരിയായ ഒരു ടീച്ചറെ തടഞ്ഞു നിർത്തി  ഗാമയുടെ ശവകുടീരം എവിടെയാണെന്നറിയാമോ എന്നു ചോദിച്ചു.ടീച്ചർ സങ്കടത്തോടെ കൈ മലർത്തിക്കാണിച്ചു. അവസാനം ചുറ്റി നടന്ന് ടോംബിനടുത്തെതാറായപ്പോൾ ടീച്ചർ ഓടിക്കിതച്ച് മുന്നിലെത്തി ഗാമയെ ചൂണ്ടിക്കാണിച്ചു തന്നു. ടീച്ചറാണെങ്കിലും പുള്ളിക്കാരിക്ക് എല്ലാമൊന്നും അറിയില്ലത്രേ !!!
വാസ്കോ ഡ ഗാമ ഇവിടെയുറങ്ങുന്നു
ഒരു കൂറ്റൻ മാർബിൾ പേടകത്തിലാണ് ഗാമ അന്ത്യവിശ്രമം കോള്ളുന്നത്. പോർച്ചുഗലിനു സമുദ്രാധിപത്യം സ്ഥാപിക്കാൻ ഗാമ നൽകിയ സംഭാവനകളെക്കുറിച്ചുള്ള ഫലകം അടുത്തായി പ്രദർശിപ്പിച്ചിട്ടുണ്ട്.


 വാസ്കോ ഡ ഗാമ – പുതിയ തലമുറയ്ക്ക്
പോർച്ചുഗലിന്റെ ചരിത്രവും വാസ്തുവിദ്യകളും ലോകമെമ്പാടുമുള്ള പോർച്ചുഗീസ് കോളനികളിൽ നിന്ന് ലിസ്ബണിലെത്തിയ പ്രദർശനവസ്തുക്കളുമാണ് സെന്റ് ജെറോണിമസ് മൊണാസ്റ്റ്രിയിൽ. മോണാസ്റ്റ്രിയുടെ പ്രൌഢഗംഭീരമായ ബാഹ്യവീക്ഷണമല്ലാതെ അകത്തെ പ്രദർശനവസ്തുക്കളിൽ വലിയ കൌതുകമൊന്നും തോന്നിയില്ല.
സെന്റ് ജെറോണിമസ് മൊണാസ്റ്റ്രി ഉൾവശം

മൊണാസ്റ്റ്രിയിൽ നിന്ന് നഗരമദ്ധ്യത്തേക്ക് തിരിച്ചു. ഇടുങ്ങിയ വഴികളും പഴഞ്ചൻ കെട്ടിടങ്ങളുമൊക്കെയായി നഷ്ടപ്രതാപത്തിന്റെ ലുക്കും ഫീലും തരുന്നതാണ് ലിസ്ബൺ നഗരം. കൊളോണിയൽ ഭരണത്തിന്റെ ബാക്കിപത്രമെന്നോണം നാനാവർണ്ണക്കാരായ ജനങ്ങളെ നഗരത്തിലെങ്ങും കാണാം. 1962ഇൽ ഇന്ത്യ ഗോവ പിടിച്ചെടുത്തപ്പോൾ  എല്ലാ ഗോവക്കാർക്കും പോർച്ചുഗൽ പൌരത്വം നൽകിയിരുന്നത്രേ. അങ്ങനെ കുടിയേറിയ ഇന്ത്യക്കാർ ധാരാളമുണ്ട്.
നഗരഹൃദയത്തിലെ അൽഫാമാ പ്രവിശ്യയിലാണ് താമസം ശരിയാക്കിയിരുന്നത്. ഹോട്ടലിനടുത്ത് ഒരു പാർക്കിംഗ് സ്ഥലം കണ്ടുപിടിക്കാൻ നന്നേ പണിപ്പെട്ടു. റൂമിലെത്തി കുളിച്ച് വീണ്ടും പുറത്തേക്കിറങ്ങിയപ്പോൾ സമയം 10 മണി. നിശാചാരികൾക്ക് നഗരം ഉണർന്നു വരുന്നതേ ഉള്ളൂ. കഴിഞ്ഞ കുറേ ദിവസങ്ങളായി തുടന്നുവന്ന മത്സ്യഭക്ഷണം ഒന്നു മാറ്റിപ്പിടിപ്പിക്കാം എന്നോർത്തു. പോർച്ചുഗീസ് സ്പ്ഷ്യൽ പിരിപിരി ചിക്കന് ഓർഡർ കൊടുത്തു.


പിരിപിരി ചിക്കൻ
പോർച്ചുഗീസുകാർ ആഫ്രിക്കൻ കോളനികളിൽ നിന്ന് ഇറക്കുമതി ചെയ്ത മുളകാണ് പിരിപിരി. നമ്മൾ പുട്ടിനു പീര ചേർക്കുന്നതുപോലെ എല്ലാ പോർച്ചുഗീസ് എക്സോട്ടിക് വിഭവങ്ങളിലും പിരിപിരി അവിഭാജ്യഘടകമാണ്.


നഗരരാത്രി

ഭക്ഷണം കഴിഞ്ഞ് അർദ്ധരാത്രി തിരികെ റൂമിലെത്തിയപ്പോഴും നഗരം ഉറങ്ങിയിട്ടില്ല. അടുത്ത ഡിസ്കോതീക്കുകളിൽ നിന്നുയർന്നു കേൾക്കുന്ന ദ്രുതസംഗീതത്തിന്റെ അകമ്പടിയോടെ കണ്ണുകളടച്ചു.



                                                                           
                                                                                                                                               (തുടരും )
 

11 comments:

  1. മനോഹരം. ചിത്രങ്ങളും, വിവരണവും.

    ReplyDelete
  2. എന്റെയൊപ്പം ജോലി ചെയ്യുന്ന പോട്ടുഗീസുകാരായ രണ്ടുപേര്‍ക്ക് വാസ്കോ ഡ ഗാമ എന്നാല്‍ ആരാണെന്ന് പോലും അറിയില്ല. “സുന്ദരി“യായ ടീച്ചര്‍ അതിലും ഭേദം.

    (ഇനിയിപ്പോ ഞാനും പോര്‍ട്ടുഗലിനെപ്പറ്റി അല്പം സാക്ഷരനായി. സഹപ്രവര്‍ത്തകരായ അവരോട് ചില കാര്യങ്ങളൊക്കെ ചോദിച്ച് അത്ഭുതപ്പെടുത്തിയിട്ട് തന്നെ കാര്യം)

    ReplyDelete
    Replies
    1. അജിത്തേട്ടാ …. എന്റെ അനുഭവത്തിൽ പോർച്ചുഗലുകാർക്ക് അപരിചിതനല്ല ഗാമ. അവിടത്തെ വലിയ പാലങ്ങളും മാളുകളും കെട്ടിടങ്ങളുമെല്ലാം ഗാമയുടെ പേരിലാണ്. എന്നാലും ഒരു പക്ഷേ നമുക്കറിയാവുന്ന പോലെ അറിയില്ലായിരിക്കും. വരവിനും അഭിപ്രായത്തിനും നന്ദി.

      Delete
  3. കുറെയേറെ വിവരങ്ങൾ മനോഹരമായ ചിത്രങ്ങളോടും വിവരണത്തോടുമൊപ്പം നൽകിയതിന് നന്ദി പഥികാ ....

    ReplyDelete
  4. പോർട്ടുഗലിന്റെ പുഷ്കലകാലത്ത് കെട്ടിക്കെട്ടി വന്നപ്പോൾ അതിവിപുലമായി മാറിപ്പോയ ഒരു വാസ്തുനിർമ്മിതിയെ കുറിച്ച് വായിച്ചിട്ടുണ്ട് - കോണ്‍വെന്റ് ഓഫ് മഫ്ര. ഇന്ന് മഫ്ര നാഷണൽ പാലസ്. ഇവിടുത്തെ ചിത്രങ്ങൾ കണ്ടപ്പോൾ അത് ഓർമ്മവന്നു. അതുവഴി പോകുന്നുണ്ടോ? ലിസ്ബണിൽ നിന്നും അധികം ദൂരെയല്ലെന്നാണ് അറിവ്...

    ReplyDelete
    Replies
    1. കോണ്‍വെന്റ് ഓഫ് മഫ്രയെക്കുറിച്ചു കേട്ടിട്ടില്ലായിരുന്നു..ഇതുവരെ….ഇപ്പൊഴാണ് വായിച്ചു മനസ്സിലാക്കിയത്.

      Delete
  5. മനോഹരം!
    ആശംസകള്‍

    ReplyDelete
  6. ഇഷ്ടപ്പെട്ടു ഈ യാത്രാവിവരണം

    ReplyDelete
  7. അങ്ങനെ പോർട്ടുഗീസും കണ്ടു. ഈ കൂട്ടുകാരുള്ളതു കൊണ്ടുള്ള ഒരു ഗുണമെ :)

    ReplyDelete
  8. വിശദമായി തന്നെ വായിച്ചു
    ഒരിക്കൽ ഇവിടങ്ങളിലൊക്കെ പോകണമെന്ന് കരുതുന്നു

    ReplyDelete

മുന്നോട്ടു നടക്കാൻ എനിക്കുള്ള പാഥേയം ഇവിടെ...